ആനയുമായുള്ള ആക്ഷൻ രംഗങ്ങൾക്കിടയിൽ ആന്റണി വർഗീസിന് പരിക്ക്

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കാട്ടാളന്റെ തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയിൽ ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന് പരിക്ക്. ആന്റണി വർഗീസും ആനയുമായുള്ള വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. അപകടത്തിൽ താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ പെപ്പെ വിശ്രമത്തിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ‘കട്ടാളൻ’ സിനിമയുടെ അടുത്ത ഷെഡ്യൂൾ താത്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കുന്നത്. ക്യൂബ്സ്എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാട്ടാളൻ. ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്.