ക്ഷേത്രോത്സവത്തിന് സുഹൃത്തുക്കൾക്കൊപ്പം കൈകൊട്ടി കളിയിൽ പങ്കെടുത്ത് അനുശ്രീ; കയ്യടിച്ച് ആരാധകർ

സ്വന്തം നാട്ടിലെ ക്ഷേത്രോത്സവത്തിന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൈകൊട്ടി കളിക്കുന്ന നടി അനുശ്രീയുടെ വീഡിയോ വൈറൽ. കടുംനീലയും ചുവപ്പും കലർന്ന ദാവണിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി നാടൻ ചുവടുകളുമായി ആടിക്കളിക്കുന്ന അനുശ്രീയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അനുശ്രീയുടെ മേക്കപ്പ് ആർടിസ്റ്റ് പിങ്കി വിശാലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

‘അനുവിന്റെ സ്വന്തം നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പൻ അമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായി അനുവും നാട്ടിലെ സുഹൃത്തുക്കളും ചേർന്ന് കൈകൊട്ടി കളി’ എന്നാണ് വിഡിയോ പങ്കുവച്ച് പിങ്കി വിശാൽ കുറിച്ചത്. വലിയ സ്വീകാര്യതയാണ് അനുശ്രീയുടെ ഡാൻസ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കുറച്ച് പ്രശസ്തി വന്നാൽ പിന്നെ നാടും വീടും മറക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ അനുശ്രീ വേറിട്ടു നിൽക്കുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ച കമന്റ്.