കൊച്ചി: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കളെപ്പോലെ കഴുത്തിൽ ബെൽറ്റിടീച്ചും മുട്ടിൽ ഇഴയിച്ച് നാണയം നക്കിയെടുപ്പിച്ചും ക്രൂരപീഡനത്തിനിരയാക്കിയെന്ന തരത്തിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന് പരാതി. ദൃശ്യങ്ങൾ വ്യാജമായി ചിത്രീകരിച്ചതെന്ന് ജീവനക്കാർ പറയുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വീഡിയോ പ്രചരിപ്പിച്ചതാണെന്നും ആരോപണമുണ്ട്. ജില്ലാ ലേബർ ഓഫീസർ തൊഴിൽ മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. ദൃശ്യങ്ങൾ ചിത്രീകരിച്ചത് ഏത് സാഹചര്യത്തിലെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.

കെൽട്രോ എന്ന സ്ഥാപനത്തിൽ മാനേജർമാരായിരുന്ന രണ്ടുപേർ സ്ഥാപനത്തിൽ എത്തിയ തന്നെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചെന്നും പിന്നീട് ഇവർക്കെതിരേ നടപടി ഉണ്ടാകുമെന്ന ഘട്ടത്തിൽ വീഡിയോ പ്രചരിപ്പിച്ചുവെന്നും ദൃശ്യത്തിൽ ഉണ്ടായിരുന്ന യുവാവ് മൊഴിനൽകിയെന്നാണ് റിപ്പോർട്ട്.


പെരുമ്പാവൂരിൽ കെൽട്രോ എന്ന സ്വകാര്യ സ്ഥാപനത്തിൽ തൊഴിലിടത്തെ ഞെട്ടിപ്പിക്കുന്ന പീഡനം എന്ന വെളിപ്പെടുത്തലുമായാണ് ഏതാനും ജീവനക്കാർ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു. ജീവനക്കാരുടെ കഴുത്തിൽ ബെൽറ്റ് ഇട്ട് നായയെപ്പോലെ നടത്തിക്കുന്നതും മറ്റുമായിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. തുടർന്ന് തൊഴിൽ വകുപ്പും പോലീസും സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു. ദൃശ്യങ്ങളിൽ ഉള്ളവരുടെ മൊഴിയെടുത്തതോടെയാണ് സംഭവത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്.
കെൽട്രോ എന്ന സ്ഥാപനത്തിന്റെ മുകൾതട്ടിലുള്ള ജീവനക്കാർ തമ്മിലുള്ള പോരിന്റെ ഫലമായാണ് ഇത്തരം ഒരു ദൃശ്യം പുറത്തുവന്നതെന്ന് ദൃശ്യത്തിലുള്ള യുവാക്കൾ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് താൻ ജോലിക്കായി എത്തിയ സമയത്ത് ചിത്രീകരിച്ച വീഡിയോ ആണിത്. ചിലർക്കെതിരേ നടപടി ഉണ്ടാകുമെന്ന ഘട്ടത്തിൽ വീഡിയോ പുറത്തുവിടുകയായിരുന്നുവെന്നാണ് ദൃശ്യത്തിൽ ഉണ്ടായിരുന്ന യുവാവ് മൊഴി നൽകിയത്. ജീവനക്കാർ തമ്മിലുള്ള പ്രശ്നങ്ങളാണ് വീഡിയോയ്ക്ക് പിന്നിലെന്നാണ് നിഗമനം. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ദൃശ്യത്തിലുള്ള യുവാവ് പരാതി നൽകിയിട്ടുണ്ട്. വീഡിയോ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് ആരോപണം.
അതേസമയം, വീഡിയോയിൽ കാണുന്നത് സ്ഥാപനത്തിൽ നടക്കുന്നുണ്ടെന്നാരോപിച്ച് രംഗത്ത് വന്നവരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഇതിനിടെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ തൊഴിൽപീഡനം ഉണ്ടായിട്ടില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും കൃത്യമായി നൽകുന്നുണ്ട്. കെൽട്രോ ഗ്രൂപ്പ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഏജന്റ് മാത്രമാണെന്നും ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് അറിയിച്ചു.























