നെടുങ്കയം വനത്തിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് അടിച്ചുതകർത്ത കേസിൽ പി വി അൻവർ എംഎൽഎ അറസ്റ്റിൽ . പ്രതിഷേധം എന്ന പേരിലാണ് എംഎൽഎയും സംഘവും ഫോറസ്റ്റ് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. പി വി അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സേന എത്തിച്ചേർന്നിരുന്നു. അൻവർ ഉൾപ്പെടെ 11 ഡിഎംകെ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു . കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചുവെന്ന് അൻവറിനെതിരായി എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്.
























