അശ്ലീല കമന്റുകളിടുന്നവരിൽ കൂടുതലും കുട്ടികൾ, തന്റെ പോസ്റ്റുകൾക്ക് വരുന്ന കമന്റുകൾക്കെതിരെ ആര്യ

പ്രേഷകർക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. സാമൂഹിക മാധ്യമങ്ങളിലൂടെ താൻ നേരിട്ടുകൊണ്ടിരിക്കുന്ന തുടർച്ചയായ സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ആര്യ. നിരന്തരമായ സൈബർ ആക്രമണം നേരിടുകയാണെന്നും പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും ആര്യ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.

ആര്യ പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്‌സിലാണ് ചിലർ അശ്ലീലമായ കമന്റുകൾ പോസ്റ്റ് ചെയ്തത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകളും കമന്റ് ചെയ്തവരുടെ പ്രൊഫൈൽ വിശദാംശങ്ങളും ഉൾപ്പടെയാണ് ആര്യ സ്റ്റോറി ഇട്ടിരിക്കുന്നത്. കമന്റുകളുടെ സ്വഭാവം ഉൾപ്പടെ ചൂണ്ടിക്കാട്ടി ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്യ വ്യക്തമാക്കുന്നു. എന്റെ ശരീര ഭാഗത്തെ കുറിച്ച് അശ്ലീലം പറയുന്നത് എനിക്ക് തമാശയായി തോന്നാറില്ലെന്നും ആര്യ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പറയുന്നു.ഒരു വർഷം മുൻപ് എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു. ഒരു വ്യക്തി ഫോണിലൂടെ എന്റെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു. ഞാനതിനെതിരെ കേസ് നൽകി’. പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ഈ പ്രശ്‌നങ്ങളെ കുറിച്ച് ഞാനൊരു വ്‌ളോഗ് ചെയ്തിരുന്നു. അന്നുമുതൽ സോഷ്യൽ മീഡിയയിൽ ഞാൻ ഈ പ്രശ്‌നം നേരിടുകയാണ്.

ഇത്തരം കമന്റുകളിടുന്നവരിൽ കൂടുതലും കുട്ടികളാണ്. എന്റെ എല്ലാ പോസ്റ്റുകളുടെ താഴെയും വരുന്നുണ്ട്. അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് ഇവർക്കൊന്നും മനസ്സിലാകുന്നില്ല. ഒരു പരിധിക്ക് അപ്പുറത്തേക്ക് ഇതൊന്നും അവഗണിക്കാൻ സാധിക്കില്ല’ കമന്റുകളിട്ട പ്രൊഫൈലുകൾ ചൂണ്ടിക്കാട്ടി ഇവർ സുഹൃത്തുക്കളാണെന്നും ഇതൊരു സംഘടിതമായ ആക്രമണമാണെന്നും ആര്യ പറയുന്നു.