തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു അംഗൻവാടിയിലെ ഉപ്പുമാവ് മാറ്റി പകരം ‘ബിർന്നാണീം പൊരിച്ച കോയീം’ തരണം എന്നാവശ്യപ്പെടുന്ന കൊച്ചുകുട്ടിയുടെ ഒരു വീഡിയോ. ദേവികുളം പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗനവാടിയിലെ പ്രജുൽ എസ് സുന്ദർ എന്ന ശങ്കുവാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോഴിതാ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജിന്റെ മുന്നിലും വിഷയമെത്തി. ഇക്കാര്യം ഗൗരവത്തിൽ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

അംഗനവാടിയിൽ എന്തുവേണം എന്ന് ചോദിച്ചപ്പോഴാണ് ‘ഉപ്പുമാവ് മാറ്റീട്ട് ബിർന്നാണീം പൊരിച്ച കോയീം’ തരണം എന്ന് ശങ്കു പറഞ്ഞത്. നമുക്ക് പരാതി അറിയിക്കാം കേട്ടോ എന്ന് അമ്മ മകനെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.


വളരെ മനോഹരവും നിഷ്‍കളങ്കവുമായാണ് തന്റെ ആവശ്യം ഉന്നയിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ശങ്കുവിന്റെ ഈ ആവശ്യം പരിഗണിച്ച് ഇപ്പോഴത്തെ മെനു പരിഷ്‍കരിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു.























