കണ്ണൂർ: തലശ്ശേരിയിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. മട്ടന്നൂർ കളറോഡ് ടി പി ഹൗസിൽ പരേതനായ ടി പി സൂപ്പിയുടെ ഭാര്യ ഇ കെ റുഖിയ (61) ആണ് ദാരുണമായി മരിച്ചത്. ഉടൻ ചികിത്സ കിട്ടാനായി രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്പോൾ കാർ ആംബുലൻസിന് വഴിമുടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

എരഞ്ഞോളി നായനാർ റോഡിൽ ഇന്നലെ വൈകീട്ടാണ് സംഭവം. കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് കാർ സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ എത്തിച്ച റുഖിയയ്ക്ക് അൽപസമയത്തിനകം തന്നെ മരണം സംഭവിച്ചു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കാർ ഡ്രൈവർക്കെതിരെ ആംബുലൻസ് ഡ്രൈവർ നൽകിയ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

























