തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മയെ വെറുതെവിട്ട കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ?. പിന്നെ അവരെ എന്തിനാണ് വെറുതെ വിട്ടത്. അമ്മയും കൂടി ചേർന്നല്ലേ എല്ലാം ചെയ്തത് എന്നും ഷാരോണിന്റെ അമ്മ ചോദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നുവെന്ന് ഷാരോണിന്റെ അച്ഛൻ പറഞ്ഞു. വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകും. കേസിൽ ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ശിക്ഷ എന്താണെന്ന് അറിഞ്ഞശേഷം തുടർനടപടി ആലോചിച്ച് തീരുമാനിക്കും. കേസുമായി മുന്നോട്ട് പോകും. വിധിപ്പകർപ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ അച്ഛൻ പറഞ്ഞു. ഏറെ സങ്കീർണമായ കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത് അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

കാമുകൻ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയൊണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ ആണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, വിഷം നൽകൽ, തട്ടിക്കൊണ്ടുപോകൽ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാംപ്രതി സിന്ധുവിനെ വെറുതെ വിട്ടത്. തെളിവു നശിപ്പിക്കാൻ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. 2022 ഒക്ടോബർ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

























