വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോ തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം ഇനി മുതൽ ലിയോ പതിനാലാമൻ എന്നറിയപ്പെടും. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് 69 കാരനായ കർദിനാൾ റോബർട്ട് പ്രേവോ .

1955 സെപ്റ്റംബർ 14-ന് ചിക്കാഗോയിൽ ലൂയിസ് മാരിയസ് പ്രേവോയുടേയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായി ജനിച്ചു. പിതാവ് ഫ്രഞ്ച്, ഇറ്റാലിയൻ വംശജനായ നാവിക സേനാ ഉദ്യോഗസ്ഥനും മാതാവ് സ്പാനിഷ് വംശജയായ ലൈബ്രേറിയനുമായിരുന്നു.രണ്ട് സഹോദരന്മാരുണ്ട്. അദ്ദേഹത്തിന് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ പരിജ്ഞാനമുണ്ട്, കൂടാതെ ലാറ്റിൻ, ജർമ്മൻ ഭാഷകൾ വായിക്കാനും കഴിയും. കർദിനാൾ റോബർട്ട് പ്രേവോ 1973-ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരിയിൽ സെക്കൻഡറി പഠനം പൂർത്തിയാക്കി. 1977-ൽ വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.


പുരോഹിതനാകാൻ തീരുമാനിച്ച പ്രേവോ, 1977 സെപ്റ്റംബറിൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സന്ന്യാസ സഭയിൽ ചേർന്നു. 1978 സെപ്റ്റംബറിൽ തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റിൽ നിത്യ വ്രതം സ്വീകരിച്ചു. അടുത്ത വർഷം, 1982-ൽ, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1982-ൽ പുരോഹിതനായി മൂന്ന് വർഷത്തിന് ശേഷം 30 ാം വയസ്സിൽ പെറുവിലേക്ക് കർമ മണ്ഡലം മാറിയെങ്കിലും യുഎസിലേക്ക് മടങ്ങിവരിക പതിവായിരുന്നു.
1984-ൽ റോമിലെ പൊന്തിഫിക്കൽ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും 1987-ൽ കാനൻ നിയമത്തിൽ പി.എച്ച്ഡിയും നേടി.
1985-1986, 1988-1998 കാലഘട്ടങ്ങളിൽ പെറുവിൽ ഇടവക വികാരിയായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതൽ 1986 വരെ ചുലുക്കാനാസിന്റെ ടെറിട്ടോറിയൽ പ്രെലാച്വറിന്റെ ചാൻസലറായി സേവനമനുഷ്ഠിച്ചു. 1987-ൽ ചിക്കാഗോയിലെ ആഗസ്റ്റീനിയൻ പ്രോവിൻസിന്റെ വൊക്കേഷൻ പാസ്റ്ററായും മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.
1988-ൽ അദ്ദേഹം പെറുവിലേക്ക് മടങ്ങി, അടുത്ത പത്ത് വർഷം ട്രൂജിയോയിലെ ഓഗസ്റ്റീനിയൻ സെമിനാരിയുടെ തലവനായി. ഡയോസിസൻ സെമിനാരിയിൽ കാനൻ ലോ പഠിപ്പിച്ച അദ്ദേഹം, പ്രീഫെക്ടായും പ്രവർത്തിച്ചു. ട്രൂജിയോയിലെ പ്രാദേശിക എക്ലിസിയാസ്റ്റിക്കൽ കോടതിയുടെ ജഡ്ജി, ട്രൂജിയോയുടെ കോളേജ് ഓഫ് കൺസൾട്ടേഴ്സിന്റെ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2013 വരെ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ പ്രിയോർ ജനറലായും പ്രവർത്തിച്ചു. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും, സേവനമനുഷ്ടിച്ചു. 2015-ലാണ് പെറുവിന്റെ പൗരത്വം സ്വീകരിച്ചത്. 2023-ൽ കർദിനാളായി ഉയർത്തപ്പെട്ടു. 2023 മുതൽ ഡികാസ്റ്ററി ഫോർ ബിഷപ്പ്സിന്റെ പ്രീഫെക്ടും പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.























