‘സഹതടവുകാരിയെ മർദ്ദിച്ചു’; ജയിൽ മോചിതയാവാനിരിക്കെ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

കണ്ണൂർ: ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് മർദ്ദിച്ചെന്നാണ് കേസ്. ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് പുതിയ കേസ്.

കണ്ണൂർ വനിതാ ജയിലിൽ തിങ്കളാഴ്ചയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയായ ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി. ഷെറിൻ പിടിച്ചു തള്ളുകയും ഷബ്‌ന അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

ഭാസ്‌കര കാരണവർ വധക്കേസിൽ 14 വർഷം തടവുശിക്ഷ പൂർത്തിയായ ഷെറിന് ശിക്ഷാ ഇളവ് നൽകിയ മന്ത്രിസഭാ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. 20 വർഷത്തിലേറെ ശിക്ഷ അനുഭവിച്ച രോഗികളായവർ വരെ ജയിലുകളിലുണ്ടെന്നാണ് ശിക്ഷാ ഇളവിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടിയത്. 2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവർ കൊല്ലപ്പെടുന്നത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചതിനെത്തുടർന്നാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു.