ലൗ ജിഹാദ് ഭീഷണിയിൽ ഝാർഖണ്ഡിൽ നിന്ന് ഭയന്നോടി; കമിതാക്കൾ കായംകുളത്ത് വിവാഹിതരായി

ആലപ്പുഴ: ലൗ ജിഹാദ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഭീഷണി ഉയർത്തിയതിനെ തുടർന്ന് ഝാർഖണ്ഡിൽ നിന്നുള്ള കമിതാക്കൾ രക്ഷതേടി എത്തിയത് കേരളത്തിൽ. ഝാർഖണ്ഡിലെ രാംഗഡിലെ ചിതാർപൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും (30), ആശാ വർമ്മയുമാണ് (27) കേരളത്തിൽ എത്തി വിവാഹം കഴിച്ചത്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് വെച്ചായിരുന്നു വിവാഹം.

ഫെബ്രുവരി 11 ന് കായംകുളത്തെ ഒരു പള്ളിയിൽ ഇസ്ലാമിക മതാചാര പ്രകാരം ആദ്യം വിവാഹിതരായി. പിന്നീട്, ഫെബ്രുവരി 16ന് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വച്ച് വീണ്ടും വിവാഹിതരായി. നിരവധി വർഷങ്ങളായി പ്രണയത്തിലാണെന്ന് ബുധനാഴ്ച ഇരുവരും മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘സ്വന്തമായി തീരുമാനമെടുത്ത ശേഷമാണ് ഞങ്ങൾ വിവാഹിതരായത്.

വ്യാജ കേസ് രജിസ്റ്റർ ചെയ്ത ശേഷം, ഫെബ്രുവരി 14 ന് ഝാർഖണ്ഡ് പൊലീസ് എത്തി ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ, ആശയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് എനിക്കെതിരെ മറ്റൊരു കള്ളക്കേസും ഫയൽ ചെയ്തു.ഝാർഖണ്ഡിലെ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിനും സഹായത്തിനും ഞങ്ങളുടെ അഭിഭാഷക ഗയ എസ് ലതയ്ക്കും മറ്റുള്ളവർക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’- ദമ്പതികൾ പറഞ്ഞു. ഈ മാസം ആദ്യം ആശയുടെ ബന്ധുക്കൾ കായംകുളത്ത് എത്തിയെങ്കിലും ആശ അവരോടൊപ്പം പോകാൻ വിസമ്മതിച്ചു. ഗൾഫിൽ മുഹമ്മദിനൊപ്പം ജോലി ചെയ്തിരുന്ന കായംകുളത്തുനിന്നുള്ള ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് ദമ്പതികൾ കേരളത്തിലെത്തിയത്. ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് അഭിഭാഷകയായ ഗയ പറഞ്ഞു.

”ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചു എന്ന് കേട്ടതിന് പിന്നാലെ വിദേശത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇന്ത്യയിലേക്ക് മടങ്ങി. അവർ വ്യത്യസ്ത മതങ്ങളിൽ പെട്ടവരായതിനാൽ, അവരുടെ വിവാഹത്തിനെതിരായ എതിർപ്പ് വളർന്നു. പ്രധാനമായും ആശയുടെ സമുദായത്തിലെ നേതാക്കളും അംഗങ്ങളുമാണ് എതിർപ്പ് ഉന്നയിച്ചത്. തുടർന്ന്, മുഹമ്മദിനെതിരെ ‘ലൗ ജിഹാദ്’ ആരോപണങ്ങൾ ഉയർന്നു. ഇത് സംഘർഷത്തിലേക്ക് നയിച്ചു. ഇതിന് പിന്നാലെയാണ് ദമ്പതികൾ കായംകുളത്തേക്ക് പലായനം ചെയ്തത്’- ഗയ പറഞ്ഞു.