ചെന്താമരക്കെതിരെ ഇന്ന് കുറ്റപത്രം; ജോലിവാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് സുധാകരൻറെ മക്കൾ

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ അന്വേഷണസംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരൻറെ മക്കൾ ആവശ്യപ്പെട്ടു. അച്ഛൻറെയും മുത്തശ്ശിയുടെയും മരണത്തോടെ തീർത്തും അനാഥരായെന്നും ജോലി അടക്കമുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും കുട്ടികൾ പറഞ്ഞു. ചെന്താമര പുറത്തിറങ്ങിയാൽ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കൾ പറഞ്ഞു.

ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.

ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടു പേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാവും. അന്വേഷണ സംഘം തയാറാക്കിയത്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻറെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.