വിജയ്‌യുടെ അവസാനചിത്രം ‘ജനനായകന്‍ ‘; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2026 ജനുവരി 9 ആണ് റിലീസ് തീയതി. സമൂഹമാധ്യമങ്ങളിലൂടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് വിജയ് ജനനായകന്റെ വരവറിയിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയാണ് ഒരുങ്ങുന്നത്.

ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.തമിഴക മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുമായി സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന സിനിമയാകും ഇതെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് വലിയ ഹൈപ്പോടെയാണ് സിനിമയെത്തുന്നത്. തമിഴ്‌നാടിന്റെ ഇളയ ദളപതിയെ തിയേറ്ററില്‍ കാണാന്‍ കഴിയുന്ന അവസാന അവസരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍.