ലഹരിക്കെതിരെ കുട്ടികളുടെ മെഗാ സൂംബ: ചവപ്പ് ടി–ഷർട്ടും മുഖ്യമന്ത്രിയുടെ ചിത്രവും; പ്രതിഷേധവുമായി അധ്യാപക സംഘടന

തിരുവനന്തപുരം: ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ മെഗാ സൂംബ പരിപാടിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ചുവപ്പു ടീഷര്‍ട്ട് നല്‍കിയതിനെ പരാതിയുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന. ബുധനാഴ്ച തിരുവനന്തപുരത്തു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മെഗാ സൂംബയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈമാറിയ ചുവപ്പ് ടീ ഷര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ‘പഠനമാണ് ലഹരി – നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ലഹരിക്കെതിരെ നടത്തുന്ന പരിപാടികള്‍ ചുവപ്പുവല്‍ക്കരിക്കാനും രാഷ്ട്രീയ വത്കരിക്കാനുമുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ് 1500 കുട്ടികളെ ഉള്‍പ്പെടുത്തി മെഗാ സൂംബ നടത്തുന്നത്. ഇതിനായുള്ള ടീഷര്‍ട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സര്‍ക്കാർ നീക്കം അപലപനീയമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി വ്യക്തമാക്കി.