തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുക്കുന്ന ചിത്രത്തിന് വിമര്‍ശനം. യോഗത്തില്‍ ഏതാണ് ഈ യുവ അധികാരി?’ എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് സമൂഹമാധ്യമത്തില്‍ ഉന്നയിച്ച ചോദ്യമാണിത്.

വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസില്‍ ) എംഡി ദിവ്യ എസ്. അയ്യര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന യോഗത്തിന്റെ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാന്റെ ചിത്രം വൃത്തത്തിനുള്ളിലാക്കി ജേക്കബ് തോമസ് ഉന്നയിച്ച ചോദ്യം പ്രതിപക്ഷം ഉള്‍പ്പെടെ പലരും ഉന്നയിക്കുന്നുണ്ട്.


രാജ്യാന്തര തുറമുഖ പദ്ധതിയുടെ നിര്‍ണായക വിവരങ്ങള്‍ വിശദീകരിക്കുന്ന യോഗത്തില്‍, മുഖ്യമന്ത്രിയുടെ മകളും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ കേസില്‍ പ്രതിയുമായ ടി. വീണ പങ്കെടുത്തതിന് എതിരെയും വിമര്‍ശനം ഉയര്‍ന്നുണ്ട്. ഇത്രത്തോളം ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും കൊച്ചുമകനും എങ്ങനെ അനുമതി നല്‍കി എന്ന ചോദ്യവും ഉയരുന്നുണ്ട്. തന്ത്രപ്രധാനമായ മേഖലകളില്‍ ഇവര്‍ കടന്നത് രാജ്യാന്തര തുറമുഖത്തിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതീവസുരക്ഷയുള്ള മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ നിലയില്‍ മുന്‍സീറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരിക്കാറുള്ളത്. എന്നാല്‍ വിഴിഞ്ഞം യാത്രയില്‍ മകള്‍ വീണയാണ് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നത്. ഔദ്യോഗിക വാഹനത്തിന്റെ മുന്‍സീറ്റില്‍നിന്നു വീണ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും വിഴിഞ്ഞം തുറമുഖ അധികൃതര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. അതിശക്തമായ സുരക്ഷാസംവിധാനമാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഗണ്‍മാനെ ഒഴിവാക്കി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔദ്യോഗികവാഹനം കുടുംബയാത്രയ്ക്കായി ഉപയോഗിച്ചതെന്ന വിമര്‍ശനവുമുണ്ട്.























