കടം വാങ്ങിയ പണം നൽകാനായില്ല; മാതാപിതാക്കൾ അടിമപ്പണിക്ക് അയച്ച കുട്ടി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ചെന്നൈ: കടംവാങ്ങിയ 15,000 രൂപ തിരിച്ച് കൊടുക്കാനാകാതെ മാതാപിതാക്കൾ അടിമപ്പണിയ്ക്ക് അയച്ച ഒൻപത് വയസ്സുകാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തുടർന്ന് മാതാപിതാക്കളെ അറിയറിക്കാതെ മൃതദേഹം അടക്കം ചെയ്തു. ആന്ധ്രപ്രദേശിലെ ഗുഡൂരിലെ പ്രകാശം, ഭാര്യ അങ്കമ്മ ദമ്പതിമാരുടെ മകൻ വെങ്കിടേശനാണ് തിരുവണ്ണാമലൈയിൽ മരിച്ചത്. മാതാപിതാക്കൾ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായപ്പോൾ ഗുഡൂരിലെ മുത്തു-ധനഭാഗ്യം ദമ്പതിമാരിൽ നിന്ന് 15,000 രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ച് കൊടുക്കാനില്ലാത്തതിനാൽ മകൻ വെങ്കിടേശനെ ഏതാനും മാസങ്ങൾക്ക് മുൻപ് അടിമപ്പണിയ്ക്കായി മുത്തു-ധനഭാഗ്യം ദമ്പതിമാർക്ക് നൽകുകയായിരുന്നു.

15,000 രൂപയ്ക്ക് പണിചെയ്ത് കഴിഞ്ഞാൽ വെങ്കിടേശനെ തിരികെ അയക്കാമെന്നായിരുന്നു വ്യവസ്ഥ. വെങ്കിടേശനെ തിരുവണ്ണാമലൈ ജില്ലയിലെ വെൺപ്പാക്കത്തെക്കായിരുന്നു അയച്ചത്. താറാവിനെ മേയ്ക്കലായിരുന്നു പണി. അവിടെ ജോലിചെയ്ത് കൊണ്ടിരിക്കെ 30 ദിവസം മുൻപ് വെങ്കിടേശന് മഞ്ഞപ്പിത്തം ബാധിച്ചു. രോഗം ഗുരുതരമായശേഷം മുത്തു തിരുവണ്ണാമലൈ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സ ഫലിക്കാതെ മരണത്തിന് കിഴടങ്ങി.

മരിച്ച വിവരം പ്രകാശത്തെ അറിയിക്കാതെ വെങ്കിടേശന്റെ മൃതദേഹം കാഞ്ചീപുരത്തെ പാലാറിന്റെ കരയിൽ മുത്തു, ഭാര്യ ധനഭാഗ്യം, മകൻ രാജശേഖർ എന്നിവർ ചേർന്ന് അടക്കംചെയ്തു. എന്നാൽ കഴിഞ്ഞദിവസം പ്രകാശം-അങ്കമ്മ എന്നിവർ വെങ്കിടേശനെ കുറിച്ച് മുത്തുവിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് ഇവർ ഗുഡൂരിലെ കത്തിവേട് പോലീസിൽ പരാതി നൽകി. പോലീസ് മുത്തുവിനെയും ധനഭാഗ്യത്തെയും ചോദ്യംചെയ്തു. തുടർന്ന് പോലീസ് മുത്തു, ഭാര്യ ധനഭാഗ്യം, മകൻ രാജശേഖർ എന്നിവരെ അറസ്റ്റ് ചെയ്ത് ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയി.