കൊല്ലം: കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാൻമുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു. പ്രദേശത്തിന് ഐവർകാല എന്ന പേര് നൽകാനാണ് ധാരണ. ചരിത്രപരമായി ഈ പ്രദേശം അറിയപ്പെട്ടിരുന്ന പേരാണ് ഐവർകാല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുന്നത്തൂർ. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ വികാരം ഉൾപ്പെടെ കണക്കിലെടുത്താണ് പേരുമാറ്റം എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് പ്രതികരിച്ചു.

‘പാകിസ്ഥാൻ മുക്ക് എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ജി അനീഷ്യ കുന്നത്തൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ചേർന്ന് നിവേദനം ചർച്ചചെയ്തു. ഇതിന് പിന്നാലെ ഭരണസമിതിയിലെ 17 അംഗങ്ങളും ഏകകണ്ഠമായി പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു’- ബിനേഷ് കടമ്പനാട് പ്രതികരിച്ചു. ഭരണസമിതി തീരുമാനം ബന്ധപ്പെട്ട വകുപ്പു മേലധികാരികൾക്കും സർക്കാരിനും സമർപ്പിക്കുമെന്നും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

























