കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു അനൂപിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനൽ വാസനയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

ആറ് ദിവസം വെൻറിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ലഹരി ഉപയോഗിക്കാൻ അനൂപ് സ്ഥിരമായി പെൺകുട്ടിയിൽ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം യുവതിയുടെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിക്കും. പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടിലെ പൊതുദർശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാരം. അനൂപിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്.

























