ബജറ്റ് 11 മണിക്ക്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന്. ധനമന്ത്രി നിർമ്മല സീതാരാമൻ മൂന്നാം മോദി സർക്കാരിൻറെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കും. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക മധുബനി സാരി ധരിച്ച്. മധുബനി കലയ്ക്കും പത്മപുരസ്കാരജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണത്. ദുലാരി ദേവി സമ്മാനിച്ച സാരി ധരിച്ചാകും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. 2021 ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് ദുലാരി ദേവി. ദുലാരി ദേവിയുടെ അഭ്യർത്ഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിക്കുക.

ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ഒരു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല, സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകൾ, പുഷ്പ രൂപങ്ങൾ, പ്രകൃതിയുടെയും പുരാണങ്ങളുടെയും ചിത്രീകരണങ്ങൾ എന്നിവയാൽ സവിശേഷതയുണ്ട്.