ശ്രീനഗര്‍: ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു. പൂഞ്ചിലും രജൗരിയിലുമായി 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കനത്ത മഴയും പ്രളയ മുന്നറിയിപ്പും തുടരുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ആശങ്കയില്‍. നാഗാലാന്‍ഡിലെ മോണ്‍ പട്ടണത്തില്‍ മണ്ണിടിച്ചിലില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പെയ്ത കനത്ത മഴയാണ് ജമ്മു കശ്മീരില്‍ നാശം വിതച്ചത്. പൂഞ്ചില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനുണ്ട്. പൂഞ്ചിലും രജൗരിയിലുമായി ആറുപേരെയാണ് കാണാതായത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും നദീതീരങ്ങളില്‍നിന്നും നൂറുകണക്കിന് പേരെ ഇതുവരെ ഒഴിപ്പിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലുമടക്കം ഗതാഗതം തടസ്സപ്പെട്ടു. രജൗരിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം പൂര്‍ണമായും വെള്ളത്തിനടിയില്‍ ആയതോടെ നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

നാഗാലാന്‍ഡിലെ മോണ്‍ പട്ടണത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പതിമൂന്ന് വീടുകള്‍ പൂര്‍ണമായും കല്ലുകള്‍ക്കും മണ്ണിനുമടിയിലായി. ഒരു കുഞ്ഞിനെയടക്കം മൂന്നുപേരെക്കാണതായിട്ടുണ്ട്. കരസേനയും ദുരന്ത നിവാരണസേനയും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്.


ജമ്മു കശ്മീരില്‍ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ടനവും നിര്‍ത്തിവച്ചു.





















