ന്യൂഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.സി.വേണുഗോപാൽ. രാഹുലിന്റെ വസതിയിൽവച്ച് ഒരു മണിക്കൂറോളം ഇരുവരും ചർച്ച നടത്തി. നേരത്തെ ഔദ്യോഗിക വസതിയിൽ നിന്നും പുറത്തിറങ്ങിയ കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചില്ല. കാറിനുള്ളിൽ ചിരിച്ചു കൊണ്ടാണ് കെ.സി. വേണുഗോപാൽ ഇരുന്നത്. ചാർട്ടേഡ് വിമാനത്തിൽ കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും. വിമാനം 4 മണിക്കാണ് തിരുവനന്തപുരത്ത് എത്തുന്നത്.

വിമാനം ലാൻഡ് ചെയ്യാൻ എയർപോർട്ട് അധികൃതരോട് അനുവാദം ചോദിച്ചു. ഇതോടെ നിയമസഭാ കക്ഷി യോഗം നീളുമെന്ന് ഉറപ്പായി.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പാർലമെന്ററി പാർട്ടി യോഗം വൈകുമെന്നും വിവരമുണ്ട്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചു. എപ്പോൾ വേണമെങ്കിലും എത്താമെന്നും ലോക്ഭവനിൽ ഉണ്ടാകുമെന്നുമായിരുന്നു ഗവർണറുടെ മറുപടി. മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന് മുൻപ് ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരെന്ന് പറയുമോ അതോ പാക്കേജ് പറയുമോ എന്ന കാര്യത്തിലും ആകാംക്ഷ തുടരുകയാണ്.

























