നടി അൻസിബയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി

കൊച്ചി: പൊലീസിനും ലക്ഷ്‍മി പ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി അൻസിബ ഹസൻ നൽകിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി. അൻസിബയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം അൻസിബയെ അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടർ രേഷ്‍മയ്‍ക്കെതിരെയും നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെയുമുള്ള പരാതി അൻസിബ കൈമാറിയത്. രേഷ്മ പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടവിൽ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയിൽ പറഞ്ഞിരുന്നു. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, താര സംഘടനയിലെ തർക്കത്തിൽ തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അൻസിബ ഹസൻറെ ആവശ്യം ‘അമ്മ’പരിഗണിച്ചേക്കില്ല. ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കൽ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. തൻറെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. ഇതിനിടെ ‘അമ്മ’യിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്‍മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് നിർദ്ദേശം.