കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്: മൂന്ന് പേർ കുറ്റക്കാർ, ഒരാളെ വെറുതെവിട്ടു

കൊല്ലം: കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ ഒന്നു മുതൽ മൂന്നുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ വിട്ടയച്ചു. ശിക്ഷാവിധി നാളെ പറയും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീം രാജ (33), ദാവൂദ് സുലൈമാൻ (27), ഷംസുദീൻ എന്നിവരാണു പ്രതികൾ. അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്.

2016 ജൂൺ 15ന് രാവിലെ 10.50ന് മുൻസിഫ് കോടതിക്കു മുന്നിൽ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ബാഗും പൊലീസ് കണ്ടെടുത്തു. രണ്ടാം പ്രതി ഷംസൂൺ കരിം രാജയാണ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ. തമിഴ്‌നാട്ടിൽ നിന്ന് ബസിൽ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങി, അവിടെ നിന്ന് ഓട്ടോറിക്ഷയിൽ കലക്ടറേറ്റ് വളപ്പിൽ എത്തി ബോംബ് സ്ഥാപിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് നാലുപേരും.

ബേസ് മൂവ്മെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ നടത്തിയത് 5 സ്ഫോടന പരമ്പരകളാണ്. ആന്ധ്രപ്രദേശിലെ നെല്ലൂർ, ചിറ്റൂർ, കർണാടകയിൽ മൈസൂരു, കേരളത്തിൽ കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു സ്ഫോടനങ്ങൾ. 2016 നവംബർ ഒന്നിന് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ മജിസ്ട്രേട്ട് കോടതിക്കു മുന്നിലായിരുന്നു പരമ്പരകളിലെ അവസാന സ്ഫോടനം. മൈസൂരു സ്ഫോടന കേസിലെ അന്വേഷണത്തിനിടയിൽ പ്രതികളുടെ വീട്ടിൽ നിന്നു കണ്ടെടുത്ത ലാപ്ടോപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്ഫോടനക്കേസ് തെളിഞ്ഞത്. 2017 സെപ്റ്റംബറിൽ 7ന് ആണു കുറ്റപത്രം സമർപ്പിച്ചതെങ്കിലും കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്.