കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻരാജ്(19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു മരണം. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ ഇന്നലെ മരിച്ചിരുന്നു. കിനാനൂർ സ്വദേശി രതീശ്, നീലേശ്വരം സ്വദേശി ബിജു എന്നിവരാണ് ഇന്നലെ മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സന്ദീപ് ശനിയാഴ്ചയും മരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തിൽ 150-ലേറെ പേർക്ക് പരിക്കേറ്റിരുന്നു.

























