തിരുവനന്തപുരം : സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റർ സബ്‌സിഡി ചന്ത അടുത്തയാഴ്ച മുതൽ. ഏപ്രിൽ 12 ശനിയാഴ്ച മുതൽ 21 വരെ തുടർച്ചയായി 10 ദിവസം വിഷു-ഈസ്റ്റർ സബ്‌സിഡി ചന്തകൾ നടത്താനാണ് തീരുമാനം.

വിഷു-ഈസ്റ്റർ ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം 11-ാം തീയതി രാവിലെ 9 മണിക്ക് മന്ത്രി വി എൻ വാസവൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റുകളും, 14 ജില്ലാ കേന്ദ്രങ്ങളിലെ വിൽപ്പന ശാലകളും ഉൾപ്പെടുത്തി 170 വിപണന കേന്ദ്രങ്ങൾ ആണ് സജ്ജമാകുന്നത്.


പൊതു മാർക്കറ്റിനേക്കാൾ 40% വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകും. ഇതിനുപുറമെ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, എന്നീ 13 ഇനങ്ങൾ സർക്കാർ സബ്‌സിഡിയോട് കൂടി ലഭിക്കും . ഓരോ കേന്ദ്രത്തിലും പ്രതിദിനം 75 ഉപഭോക്താക്കൾക്കാണ് സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്യുക. ഇതോടൊപ്പം തന്നെ നോൺ സബ്‌സിഡി വിഭാഗത്തിൽ അവശ്യ നിത്യോപയോഗ സാധനങ്ങൾ, സ്‌കൂൾ സ്റ്റേഷനറികൾ, നോട്ട് ബുക്കുകൾ എന്നിവ 10% മുതൽ 35% വിലക്കുറവിൽ ലഭ്യമാകും.























