അമ്പലവയൽ: കല്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം. ഗോകുലിനെ കൈയ്യിൽ കിട്ടിയാൽ പുറംലോകം കാണിക്കില്ലെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി നെല്ലാറച്ചാൽ ഒഴലക്കൊല്ലി പുതിയപാടി ഉന്നതിക്കാർ പറഞ്ഞു. ഗോകുലിനെയും പെൺകുട്ടിയെയും കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ഉന്നതിയിലുള്ളവരുടെ ആരോപണം. കല്പറ്റ പോലീസാണോ അമ്പലവയൽ പോലീസാണോ വന്നതെന്നറിയില്ലെന്നും കൈയിൽക്കിട്ടിയാൽ വെറുതേ വിടില്ലെന്നും പുറംലോകം കാണിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും ഉന്നതിയിലെ ബിന്ദു പറഞ്ഞു.

ഇരുവരും പോലീസ് കസ്റ്റഡിയിലായെങ്കിലും പെൺകുട്ടിയുടെ വീട്ടിൽമാത്രമാണ് പോലീസ് കൃത്യമായി വിവരമറിയിച്ചതെന്നും ഗോകുലിന്റെ ബന്ധുക്കളെ വിവരമറിയിക്കുന്ന കാര്യത്തിൽപ്പോലും പോലീസിന് വീഴ്ചപറ്റിയെന്നും നാരായണിയും പറഞ്ഞു. നേരത്തേതന്നെ വിവരമറിയിച്ചിരുന്നെങ്കിൽ തങ്ങളെത്തുമായിരുന്നു. ഇങ്ങനെയൊരു അവസ്ഥയുണ്ടാവില്ലായിരുന്നെന്നും ഉന്നതിയിലുള്ളവർ പറഞ്ഞു.


വീട്ടിലിരിക്കുന്ന സമയത്താണ് പോലീസെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിയാനാണ് എത്തിയതെന്ന് കരുതിയതെങ്കിലും ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് ബന്ധുവായ കണ്ണനും പറഞ്ഞു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തിയശേഷം ഗോകുലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഉന്നതിയിലുള്ളവർ പോലീസിനുനേരേ ആരോപണങ്ങളുന്നയിച്ചത്.
പോലീസ് കസ്റ്റഡിയിലുള്ള ഗോകുൽ, ധരിച്ചിരുന്ന ഷർട്ടിൽ തൂങ്ങിമരിച്ചുവെന്നു പറയുന്നതിലുള്ള വിശ്വാസ്യതക്കുറവും ഉന്നതിയിലുള്ളവർ പങ്കുവെച്ചു. ഷർട്ടിൽ എങ്ങനെയാണ് തൂങ്ങിമരിക്കുകയെന്ന് ബിന്ദു ആശങ്കയോടെ ചോദിച്ചു. ‘ചെക്കനല്ലേ അധികം പ്രായമൊന്നുമില്ലല്ലോ, ചെറിയൊരു ഷർട്ടിൽ എങ്ങനെയാണ് തൂങ്ങിമരിക്കുക’. ഉന്നതിയിലുള്ളവർ സംശയം ആവർത്തിച്ചുകൊണ്ടിരുന്നു.’ ഗോകുലിനെ കാണാതായി, പിന്നെ എന്തൊക്കെ സംഭവിച്ചുവെന്നറിയില്ല. ഞങ്ങളുടെ കുട്ടി പോയി. ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥയുണ്ടാവരുത്. ഗോകുലിന് നീതികിട്ടണം’- ഉന്നതിയിലുള്ളവർ ഒന്നടങ്കം പറഞ്ഞു.























