ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിൽ പരാതി നൽകിയ വനിതാ ജീവനക്കാർ ഒളിവിൽപോയ സാഹചര്യത്തിലാണ് നിർണായകമായ തീരുമാനം. ദിയ കൃഷ്ണയുടെ ഓഹ് ബൈ ഓസി എന്ന സ്ഥാപനത്തിൽ വനിതാ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയതിന്റെ തെളിവുകൾ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 11 മാസത്തിനിടയിലെ ഇവരുടെ യുപിഐ ബാങ്ക് ഇടപാടുകളിൽ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തൽ. ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. ഇതിനിടെ പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നു എന്ന് മനസ്സിലായതോടെ വനിതാ ജീവനക്കാർ അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യ അപേക്ഷയ്ക്കായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ അപേക്ഷ നൽകി.

വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നും 66 ലക്ഷം രൂപ ക്യുആർ കോഡ് വഴിയെത്തിയതായി പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാൻ ആയി പൊലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. ഇന്ന് ഹാജരാകാൻ നിർദേശം നൽകിയെങ്കിലും പ്രതികൾ ഒളിവിൽ പോയതോടെ ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ആരംഭിച്ചു.