50 ലക്ഷം പിൻവലിക്കാൻ ബാങ്കിലെത്തി, മാനേജർക്ക് തോന്നിയ സംശയം, കോട്ടയത്ത് സൈബർ തട്ടിപ്പിൽ നിന്ന് ദമ്പതികൾ രക്ഷപ്പെട്ടു

കോട്ടയം: വൃദ്ധദമ്പതികളെ ഡിജിറ്റൽ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞു. പൊലീസ് ഓഫീസറുടെ വേഷത്തിൽ വാട്ട്‌സ് ആപ്പിൽ വിഡിയോ കോളിൽ വന്നായിരുന്നു തട്ടിപ്പ്. ചങ്ങനാശ്ശേരി സ്വദേശികളായ ദമ്പതികൾ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയതോടെ സംശയം തോന്നിയ ബാങ്ക് അധികൃതർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.

ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു വിശ്വസിപ്പിക്കുകയും ഇത് രാജ്യവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 50 ലക്ഷം രൂപ നൽകിയാൽ അറസ്റ്റിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞായിരുന്നു ദമ്പതികളെ വലയിൽ വീഴ്ത്തിയത്. ചങ്ങനാശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിലെത്തിയ ദമ്പതികൾ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിൻവലിക്കാൻ മാനേജരെ സമീപിച്ചു.

മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു തട്ടിപ്പുകാരുടെ നിർദേശം. സംശയം തോന്നിയ ബാങ്ക് മാനേജർ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ടു. ഇതു തട്ടിപ്പ് അക്കൗണ്ട് ആണെന്നു മനസിലാക്കി ഇടപാട് നടത്താതെ ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ ഇന്നു വീണ്ടും ദമ്പതികൾ ബാങ്കിലെത്തി 50 ലക്ഷം രൂപ ട്രാൻസാക്ഷൻ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിർബന്ധിച്ചു. തട്ടിപ്പു മണത്ത ബാങ്ക് അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബാങ്കിലെത്തി ദമ്പതികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തട്ടിപ്പിൽ നിന്നും രക്ഷിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടുവെന്നു ബോധ്യപ്പെട്ടതോടെ തട്ടിപ്പുകാർ കോൾ കട്ടാക്കി മുങ്ങുകയും ചെയ്തു.