സംഗീത സംവിധായകൻ ജി.വി. പ്രകാശുമായി തനിക്ക് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി ദിവ്യഭാരതി രംഗത്ത്. തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്കാണ് വലിച്ചിഴയ്ക്കപ്പെടുന്നുവെന്ന് അവർ പറഞ്ഞു. ഇത്തരം ആരാപണങ്ങളിലൂടെ തന്റെ പ്രശസ്തിക്ക് മങ്ങലേൽക്കാൻ അനുവദിക്കില്ലെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ദിവ്യഭാരതി പറഞ്ഞു. ജി.വി. പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം ദിവ്യയാണെന്നും നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവർ മറുപടിയുമായെത്തിയത്.

യാതൊരു ബന്ധവുമില്ലാത്ത കുടുംബ പ്രശ്‌നത്തിലേക്കാണ് അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് ദിവ്യഭാരതി പറഞ്ഞു. ജി.വി. പ്രകാശിന്റെയും ഭാര്യയുടെയും കുടുംബ പ്രശ്‌നങ്ങളില്‍ തനിക്ക് യാതൊരു പങ്കുമില്ല. താനൊരിക്കലും ഒരു സിനിമാ നടനുമായി ഡേറ്റ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ ഒരു നടനുമായി. അടിസ്ഥാനരഹിതമായ ഗോസിപ്പുകളോട് പ്രതികരിക്കേണ്ട എന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. പക്ഷേ ഇപ്പോൾ അഭ്യൂഹങ്ങൾ പരിധി കടന്നിരിക്കുന്നുവെന്നും അവർ പറഞ്ഞു.

























