സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കു മറുപടിയുമായി ദിയ കൃഷ്ണ. ‘ഓ ബൈ ഓസി’യിലെ ആരോപണ വിധേയയായ ജീവനക്കാരികൾ ഒരാൾ മാധ്യമങ്ങളോട് സംസാരിക്കവേ ദിയയുടെ ഭർത്താവ് അശ്വിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ദിയയുടെ ഭർത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറയുന്നത്. ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന അടിക്കുറിപ്പോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വിഡിയോയിലാണ് ദിയ കൃഷ്ണയുടെ മറുപടി.

‘‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലൻമാരെ പോലെയാണ് സംസാരിക്കുന്നത്,’’ ജീവനക്കാരിയുടെ ഈ ആരോപണമാണ് റീലിൽ കാണാനാകുക. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ‘ വീട്ടിൽ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവൻ തിന്നാറില്ല.’ ഇതിനു താഴെ നിരവധി പേർ ദിയയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ കമൻറിന് മാത്രം 1 ലക്ഷത്തിന് മുകളിൽ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. അതേ വിഡിയോ ദിയ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. ‘അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ.. തള്ളി വണ്ടി നോക്കുവാണേൽ അറിയിക്കാമേ..’ എന്നാണ് ദിയയുടെ കമൻറ്.

























