അടിമയെ പോലെ പെരുമാറി, ശമ്പളം തന്നില്ല, കൊന്ന ശേഷം വിജയകുമാറിനെ വിവസ്ത്രനാക്കിയത് നാട്ടുകാർ മോശമായി കാണാനെന്നും പ്രതി

കോട്ടയം: തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തിൽ അസം സ്വദേശി അമിത് ഉറാങ്ങിന്റെ വിശദമായ മൊഴി പുറത്ത്. തൻറെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പല്ലു കടിച്ചുകൊണ്ടാണ് അമിത് പൊലീസിനോട് വിവരിച്ചത്. മൊഴി നൽകുന്നതിനിടെ ‘വിജയൻ.. വിജയൻ’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വിജയകുമാർ‌ മോഷണ കേസിൽ തന്നെ അറസ്റ്റ് ചെയ്യിച്ചതാണ് പകയുടെ തുടക്കമെന്ന് അമിത് പറഞ്ഞു. എത്ര തവണ പറഞ്ഞിട്ടും കേസ് പിൻവലിക്കാൻ വിജയകുമാർ തയാറായില്ല. താൻ ജയിലിൽ പോകുന്ന സമയത്ത് ഭാര്യ ഗർഭിണിയായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ജയിലിലായിരുന്ന സമയം ഭാര്യയുടെ ഗർഭം അലസിപോയി. ആളുകൾ ‘വിജയനെ’ മോശമായി കാണട്ടെയെന്നു കരുതിയാണ് വിവസ്ത്രനാക്കിയതെന്നും അമിത് പൊലീസിനോട് പറഞ്ഞു.

വിജയകുമാറിനെ മാത്രം കൊലപ്പെടുത്തുക ആയിരുന്നു തന്റെ ലക്ഷ്യം. എന്നാൽ ആരാ ആരാ എന്നു ചോദിച്ചു മീര വന്നപ്പോൾ തന്നെ തിരിച്ചറിയുമെന്ന് മനസിലാക്കി. ഇതോടെയാണ് മീരയേയും കൊലപ്പെടുത്തിയത്. ‘വിജയാ…വിജയാ’ എന്നുവിളിച്ചുകൊണ്ടാണ് വിജയകുമാറിനെ കൊലപ്പെടുത്തിയത്. ഈ ശബ്ദം കേട്ടാണ് മീര പുറത്തേക്ക് എത്തിയതെന്നും അമിത് പറഞ്ഞു.

അടിമയെ പോലെയാണ് തന്നോട് വിജയകുമാർ പെരുമാറിയിരുന്നത്. പലതവണ ശമ്പളം ചോദിച്ചിട്ടും നൽകാതിരുന്നതിനാലാണ് മൊബൈൽ ഫോൺ മോഷ്ടിച്ചത്. പണം നൽകാമെന്ന് പറഞ്ഞിട്ടും വിജയകുമാർ കേസ് പിൻവലിക്കാൻ തയാറായില്ല. വിജയകുമാറിന്റെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടത് ഭാര്യയാണ്. തന്നെ മുൻപരിചയം ഉള്ളതിനാൽ വീട്ടിലെ വളർത്തുനായ കുരയ്ക്കില്ലെന്ന് അറിയാമായിരുന്നു. എങ്കിലും വീട്ടുവളപ്പിനുള്ളിൽ കയറിയ ഉടനെ നായയുടെ അടുത്തെത്തി കയ്യിൽ കരുതിയ പലഹാരം നൽകിയെന്നും അമിത് പൊലീസിനോട് പറഞ്ഞു.