ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സംസ്കാര ശുശ്രൂഷകൾ തുടങ്ങി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രിയപ്പെട്ട സെൻറ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാർത്ഥനാ ചടങ്ങിനുശേഷം സെൻറ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടർന്ന് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു.

അന്തിമോപചാരമർപ്പിക്കാൻ ട്രംപും സെലൻസ്കിയും ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെൻറ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും. ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അർധ രാത്രിയാണ് പൂട്ടി മുദ്രവെച്ചത്. മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതിനാൽ സാധാരണ പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതാകും ഇന്നത്തെ ശുശ്രൂഷ. ഒന്നര മണിക്കൂർ നീളുന്ന ദിവ്യബലിക്കുശേഷമായിരിക്കും സെൻറ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോവുക.