കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ സിനിമാ താരം ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഭൂട്ടാനിൽ നിന്ന് കടത്തിയ നാല് വാഹനങ്ങൾ കൂടി ദുൽഖറിന്റെ പക്കൽ ഉണ്ട്. ഈ വാഹനങ്ങളുടെ കൂടുതൽ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് നിർദേശിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം വീണ്ടും താരത്തെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ നാല് ആഡംബര കാറുകൾ കസ്റ്റംസ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. കള്ളക്കടത്ത് സംഘം ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി.

കഴിഞ്ഞ ദിവസം ദുൽഖർ സൽമാനെ കസ്റ്റംസ് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണ് ഇതെന്ന് അറിഞ്ഞിരുന്നില്ല എന്നും വാഹന കള്ളക്കടത്ത് റാക്കറ്റുമായി തനിക്ക് ബന്ധമില്ലെന്നും കൈവശമുള്ള വാഹനങ്ങൾക്ക് കൃത്യമായ രേഖകൾ ഉണ്ടെന്നും ദുൽഖർ നൽകിയ മൊഴിയിൽ പറയുന്നു. നേരത്തെ, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ നിയമപരമായാണ് താൻ കാറുകൾ വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുൽഖറിനെതിരെ കസ്റ്റംസും കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഡിഫൻഡർ വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുക ആയിരുന്നു.


കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ കഴിയുമെന്നും വാഹനം വിട്ടുനൽകുന്നില്ലെങ്കിൽ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.























