മിയയുടെ ചികിത്സയ്ക്ക് മൂന്ന് ദിവസം കൊണ്ട് ലഭിച്ചത് 16.5 കോടി; നന്ദി അറിയിച്ച് മാതാപിതാക്കൾ

കൊച്ചി: അപൂർവ രോഗം ബാധിച്ച് ജീവിതത്തോടു പോരാടുന്ന 6 മാസം മാത്രം പ്രായമുള്ള കുഞ്ഞു മിയയുടെ ചികിത്സയ്ക്കായി വേണ്ട 16.5 കോടി രൂപ വെറും 3 ദിവസം കൊണ്ടാണു മലയാളി മനസ്സ് അക്കൗണ്ടിലെത്തിച്ചത്. തുക തികഞ്ഞതോടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചു. മൂവാറ്റുപുഴ ഏനനല്ലൂർ സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളായ മിയ മറിയം ജിനുവിനു സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവവും ഗുരുതരവുമായ ജനിതക രോഗമാണെന്നു തിരിച്ചറിഞ്ഞതു ദിവസങ്ങൾക്കു മുൻപാണ്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 16 കോടിയിലധികം രൂപ വിലവരുന്ന ജീൻ തെറപ്പി മരുന്നു വിദേശത്തുനിന്ന് എത്തിക്കണമെന്നു ഡോക്ടർമാർ വിധിയെഴുതിയതോടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു.

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ. സ്മിലു മോഹൻലാലിന്റെ മേൽനോട്ടത്തിലാണു നിലവിൽ കുഞ്ഞിന്റെ ചികിത്സ നടക്കുന്നത്.ചികിത്സയ്ക്ക് ആവശ്യമായ തുക ലഭ്യമായതോടെ, സഹായിച്ച എല്ലാ നല്ലവരായ മനുഷ്യർക്കും മിയയുടെ മാതാപിതാക്കൾ കണ്ണീരോടെ നന്ദി അറിയിച്ചു.