എൻഎസ്എസ് ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു

എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ബജറ്റ് യോഗമാണ് അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്. ട്രഷററായി എൻ വി അയ്യപ്പൻ പിള്ളയും തുടരും. ഐക്യകണ്ഠേനയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കാലാവധി അവസാനിച്ചതിനെ തുടർന്ന്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ പുറത്തായി. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. കാലാവധി തീർന്നതിനാലാണ് ഗണേഷിനെ വീണ്ടും ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് എടുക്കാത്തതെന്നു ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. അല്ലാതെ പുറത്താക്കിയതല്ല. വർഷങ്ങളായി ബോർഡിൽ സ്ഥാനം കിട്ടാത്തവരുണ്ട്. അവർക്ക് സ്ഥാനം കൊടുക്കണം. പ്രവർത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കിൽ ഗണേഷിനു കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.

മരിക്കുന്നതുവരെ ഒരു സ്ഥാനത്തിരിക്കുന്ന ആളല്ല താനെന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പറ‍ഞ്ഞു. അംഗത്വം പുതുക്കാത്തതിൽ പ്രശ്നമില്ല. അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടില്ല. സ്ഥാനത്തിനുവേണ്ടിയല്ല എൻഎസ്എസിൽ വന്നത്. ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണ്. താൻ ജനത്തിനൊപ്പം ഉണ്ട്, എൻഎസ്എസിനൊപ്പമുണ്ട്. പത്തനാപുരത്ത് എൻഎസ്എസിൽ നടന്നത് ശരിയല്ല. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എൻഎസ്എസിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനറൽ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ഗണേഷ് പറഞ്ഞു.