കോൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു, അവരും എന്നെ ചതിക്കുകയായിരുന്നു; അമൃതയ്ക്കും അഭിരാമിക്കുമെതിരെ എലിസബത്ത്

ബാലയുടെ മുൻഭാര്യ അമൃത സുരേഷിനും സഹോദരി അഭിരാമി സുരേഷിനുമെതിരെ നടന്റെ മുൻപങ്കാളി ഡോ. എലിസബത്ത് ഉദയൻ വീണ്ടും രം​ഗത്ത്. താൻ മാനസികമായി തകർന്നിരുന്ന സമയത്ത് ബാലയ്‌ക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞ് അവർ തന്നെ സമീപിച്ചിരുന്നുവെന്ന് നേരത്തെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇരുവരുടേയും പേര് പറയാതെ എലിബസത്തിന്റെ ആരോപണം. തന്റെ കോൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു എന്ന ആരോപണം എലിസബത്ത് ആവർത്തിച്ചു. യൂട്യൂബ് വീഡിയോയ്ക്ക് താഴെ അമൃതയുമായി ബന്ധപ്പെടുത്തി വന്ന കമന്റിന് മറുപടി പറയുകയായിരുന്നു എലിസബത്ത്.

‘എലിസബത്ത് ഒരു കാര്യം മനസ്സിലാക്കൂ, ഇവിടെ വിഷയം ബാലയാണല്ലോ. അതിന്റെ ഇടയിൽ എന്തിനാ അമൃതയെ കുറ്റപ്പെടുത്തുന്നത്. ഞങ്ങൾക്ക് നിങ്ങളും അമൃതയും ഒക്കെ ഇരകളാണ്. രണ്ടുപേർക്കും നീതിവേണം എന്നേയുള്ളൂ. നിങ്ങൾ പിന്നെ എന്താണ് പറയുന്നത്?’, എന്നായിരുന്നു കമന്റ്.

ഇതിന് മറുപടി നൽകിയ എലിസബത്ത്, തന്നെ ആരൊക്കെ ചതിച്ചു, പീഡിപ്പിച്ചു എന്ന് തനിക്ക് മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്ന് മറുപടി നൽകി. ‘നിങ്ങൾ ഞങ്ങൾ രണ്ടുപേരും ഒരുപോലെയായിരിക്കും. എന്നാൽ, എന്നെ അവർ രണ്ടുപേരും പലതരത്തിൽ ചതിച്ചിട്ടുണ്ട്’, എന്നും കൂട്ടിച്ചേർത്തു.

‘നിങ്ങളുടെ മകൾ ഞാൻ നേരത്തെ പറഞ്ഞതരത്തിലെ അനുഭവങ്ങളിലൂടെ കടന്നുപോയെന്ന് കരുതുക. ഇക്കാര്യങ്ങൾ വിശ്വസിച്ച് ഒരാളോട് പറയുന്നു. ആ കോൾ റെക്കോർഡ് ചെയ്യരുതെന്നും രഹസ്യമാക്കി വെക്കണമെന്നും അപേക്ഷിക്കുന്നു. പിറ്റേന്ന് നിങ്ങൾ എഴുന്നേൽക്കുമ്പോൾ ഇതെല്ലാം മാധ്യമങ്ങളിൽ വരുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ മെസഞ്ചറിൽ തെളിവ് നൽകാമെന്നും പറയുന്നു. ഇത് നിങ്ങളുടെ മകൾക്കാണ് സംഭവിച്ചതെങ്കിൽ നിങ്ങൾക്ക് എന്തുതോന്നും?’, കമന്റിട്ട വ്യക്തിയോട് എലിസബത്ത് ചോദിച്ചു.

‘അതിനുശേഷം എനിക്ക് എത്രമാത്രം നാണക്കേട് തോന്നി എന്ന് നിങ്ങൾക്ക് അറിയുമോ? എന്റെ ബന്ധുക്കളേയും സഹപ്രവർത്തകരേയും മാതാപിതാക്കളേയും എങ്ങനെയാണ് അഭിമുഖീകരിച്ചത് എന്ന് നിങ്ങൾക്ക് അറിയാമോ? അതും എന്റെ ഏറ്റവും മോശം അവസ്ഥയിൽ. ഇത് ചതിയാണെന്ന് നിങ്ങൾക്ക് മനസിലാവുന്നില്ലെങ്കിൽ, മറ്റേ വ്യക്തി ചെയ്തതുമാത്രമാണ് ചതി എന്ന് നിങ്ങൾക്ക് എങ്ങനെയാണ് തോന്നുന്നത്?’, എലിസബത്ത് ചോദിച്ചു.

‘എന്തുകൊണ്ടാണ് ഞാൻ അവരോട് സംസാരിക്കാത്തത് എന്ന് അവർക്കറിയാം. എന്നിട്ടും അവർ ഞങ്ങൾ സുഹൃത്തുക്കളാണെന്ന് പറയുന്നു. എപ്പോഴാണ് ഞാൻ അവരുമായി സൗഹൃദമുണ്ടാക്കിയത്? ഏതായാലും എന്റെ കഴിഞ്ഞ വീഡിയോയിൽനിന്ന് എന്നെ ആരൊക്കെ ആത്മാർഥമായി പിന്തുണയ്ക്കുന്നുണ്ട് എന്ന് മനസിലായി. മറ്റ് ലാഭങ്ങൾക്ക് വേണ്ടി പിന്തുണച്ചവരേയും മനസിലായി’, അവർ വ്യക്തമാക്കി.