ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, യുവാവിന്റെ വീട് ബുൾഡോസർകൊണ്ട് തകർത്ത് ഭർത്താവും കുടുംബവും

സൂറത്ത്: വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് യുവാവിന്റെ വീടുൾപ്പടെയുളള ആറു കെട്ടിടങ്ങൾ ബുൾഡോസർകൊണ്ട് തകർത്ത് യുവതിയുടെ ഭർത്താവും കുടുംബവും. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ കരേലി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. മഹേഷ് ഫുൽമാലി എന്ന യുവാവിന്റെ വീടും സമീപത്തെ ഇയാളുടെ കുടുംബക്കരുടെ കെട്ടിടങ്ങളുമാണ് യുവതിയുടെ വീട്ടുകാർ തകർത്തത്.

ഒരാഴ്ച മുമ്പാണ് ആനന്ദ് ജില്ലയിലുള്ള യുവതിയുടെ നാട്ടിലെത്തിയ മഹേഷ് യുവതിയോടൊപ്പം ഒളിച്ചോടിയത്. തുടർന്ന് സമീപത്തെ പോലീസ് സ്റ്റേഷനിൽ യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു.

യുവാവിനെ കണ്ടെത്തിനൽകാൻ ആവശ്യപ്പെട്ടുകൊണ്ട് യുവതിയുടെ ഭർത്താവും കുടുബവും ചേർന്ന് മഹേഷിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. മഹേഷിന്റെ സഹോദരിയെ ഉൾപ്പടെ അക്രമികൾ ഉപദ്രവിച്ചാതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തുടർന്ന് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ മഹേഷിന്റെ വീട്ടിലേക്ക് ബുൾഡോസറുമായി എത്തിയ യുവതിയുടെ കുടുംബം ഇയാളുടെയും കുടുംബക്കാരുടേയും അടക്കം ആറു കെട്ടിടങ്ങൾ തകർക്കുകയായിരുന്നു.

മകനെ കണ്ടെത്താൻ ഇയാളുടെ കുടുംബത്തിനാകാത്തതിനെ തുടർന്നാണ് ഇവരുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്നാണ് വിവരം. യുവാവിന്റെ അമ്മ ആറു പേർക്കെതിരെ വേഡച്ച് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ബുൾഡോസർ ഡ്രൈവറുൾപ്പടെ ആറു പേരെ പോലീസ് അറസ്റ്റുചെയ്ത് ബുൾഡോസർ കണ്ടുകെട്ടിയിട്ടുണ്ട്.

മഹേഷിനെ കണ്ടെത്തിനൽകാൻ കുടുംബത്തിന് ആകാത്തതിനാൽ അവരുടെ വീടിനു പുറമേയുള്ള അനധികൃത കെട്ടിടങ്ങൾ മാത്രമാണ് തകർത്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഗ്രാമ തലവന്റെ സാനിധ്യത്തിലാണ് കെട്ടിടങ്ങൾ തകർത്തതെന്നും ഇവർ പറഞ്ഞു.

ഫോൺ കോളുകളുൾപ്പടെ പരിശോധിച്ച് മഹേഷ് ഫുൽമാലിയേയും യുവതിയേയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അൻക്ലാവ് പോലീസ് അറിയിച്ചു.