കോട്ടയം: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മ*ഹ*ത്യയിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനി മരിച്ചതോടെ വായ്പാ തുക എങ്ങനെ കിട്ടും എന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബശ്രീ യൂണിറ്റ്. മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടച്ചു തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റിന് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ ബാധ്യത ഉണ്ട്. ഷൈനി മരിച്ചതോടെ ഇതെങ്ങനെ പരിഹരിക്കും എന്ന് അറിയില്ല. ഷൈനി വീട്ടിൽ അനുഭവിച്ച പ്രശ്നങ്ങൾ ഒരിക്കലും പറഞ്ഞിരുന്നില്ല എന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ് വെളിപ്പെടുത്തി.

























