ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു, കോഴിക്കോട് മെഡിക്കൽ കോളേജിൽ മധ്യവയസ്‌ക മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒ.പിയിൽ ചികിത്സതേടിയ വിലാസിനിയെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ കുടലിന് പരുക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നൽകി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടർമാരെ വിവരം അറിയിച്ചെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും ബന്ധു ലിബിൻ പറഞ്ഞു.

യൂട്രസിന്റെ ഭാഗത്ത് അണുബാധ ഉള്ളതായി ഡോക്ടർമാർ സംശയിച്ചിരുന്നു. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുടലിൽ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കിഡ്‌നിയിലേക്കും കരളിലേക്കും ഉൾപ്പടെ ബാധിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചതെന്ന് ബന്ധു പറയുന്നു. ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.