ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്

ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമാകാൻ സാധ്യതയേറുന്നു. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങൾ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോൺ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോർ ഡ്രോൺ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ടതായും സർക്കാർ സ്ഥിരീകരിച്ചു.

9 തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘർത്തിലേക്ക് നീങ്ങുകയാണ്. ലാഹോറിൽ സ്ഫോടനം നടന്നതിൻറെ ദൃശ്യങ്ങൾ രാവിലെ എട്ടരയോടെയാണ് പുറത്ത് വന്നത്. വലിയ ശബ്ഗം കേട്ടെന്നും, മൂന്ന് സ്ഥലങ്ങളിൽ പുക ഉയർന്നെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വോൾട്ടൻ വിമാനത്താവളത്തിന് തൊട്ടടുത്തായിരുന്നു സ്ഫോടനം. ഇന്ത്യയുടെ ഒരു ഡ്രോൺ വെടിവച്ചിട്ടെന്നാണ് പാക് മാധ്യമങ്ങൾ അവകാശപ്പെടുന്നത്. ഇന്നലെ രാത്രി ഇന്ത്യക്ക് നേരെ വ്യോമാക്രമണത്തിന് പാകസ്ഥാൻ സേന നീക്കം നടത്തിയെന്നാണ് സൂചന. പാക് വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കി ഇന്ത്യൻ സേന എന്തിനും തയ്യാറെടുത്ത് നിന്നു. പാക് വിമാനങ്ങൾ പക്ഷേ അതിർത്തി കടന്നില്ല. ഒരു പാക് വിമാനം ഇന്ത്യ എസ് 400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ ഭാഗത്ത് അമൃത് സറിനടുത്ത് മജീദയിലും രാത്രി നാട്ടുകാർ സ്ഫോടന ശബ്ദം കേട്ടു. പഞ്ചാബ് അതിർത്തിയിൽ ഇന്നലെ രാത്രി വൈദ്യുതി വിച്ഛേദിച്ചതും ആശങ്കയാക്കി. മജീദയിൽ നിന്ന് ഡ്രോണിൻറേത് തോന്നുന്ന ചില ഭാഗങ്ങൾ കിട്ടി. ഇന്ത്യക്കും പാക് സംഘർഷം വലുതാകാനുള്ള സാധ്യത കൂട്ടുന്നതാണ് ഈ നീക്കങ്ങൾ. തുടർനീക്കങ്ങളുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രിയും നൽകിയാതാണ് റിപ്പോർട്ട്. അതേസമയം, തുടക്കം മാത്രമാണെന്നും എന്തിനും സജ്ജരായിരിക്കാനും പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തിൽ നിർദ്ദേശം നൽകി.