പരിക്ക് ഗുരുതരമല്ല; ഏഴാറ്റുമുഖം ഗണപതിയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ തീരുമാനം

തൃശൂർ: അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകാൻ വനംവകുപ്പ് തീരുമാനം. പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടുപോകാനാണ് ശുപാർശ.

നിലവിൽ ആനയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നേരിയ പരിക്ക് എന്നും നിരീക്ഷണം തുടർന്നാൽ മതിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് ദിവസം കൂടി ഡോക്ടർമാരുടെ സംഘം ആനയെ നിരീക്ഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ മയക്കുവെടി വെച്ച് പിടികൂടി ചികിത്സിക്കാനാണ് തീരുമാനം. ആനയെ നിരീക്ഷിക്കുന്നത് സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ നിർദ്ദേശപ്രകാരം മൂന്ന് അംഗ ഡോക്ടർമാരുടെ സംഘമാണ്. പരിക്ക് കാരണം മുൻകാൽ നിലത്തു കുത്താൻ ആനയ്ക്ക് ബുദ്ധിമുട്ടുള്ളതായാണ് കാണപ്പെട്ടത്. ജനവാസ മേഖലയിലെ കമ്പിവേലി കാലിൽ തറച്ചതാകാമെന്നാണ് സംശയം.