വിവാഹത്തിലേക്ക് ഇല്ല; പ്രണയ ജീവിതം അവസാനിപ്പിച്ച് തമന്നയും വിജയ് വർമ്മയും

വർഷങ്ങൾ നീണ്ട് നിന്ന പ്രണയം അവസാനിപ്പിച്ച് തമന്ന ഭാട്ടിയയും വിജയ് വർമ്മയും. ഈ വർഷം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

വേർപിരിയാനുള്ള തീരുമാനം ഇരുവരും എടുത്തത് ഏതാനും ആഴ്ചകൾക്ക് മുൻപാണെന്നും പ്രസ്തുത റിപ്പോർട്ടിൽ ഉണ്ട്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടെയും തീരുമാനം. പ്രൊഫഷണൽ ജീവിതത്തിൽ അവരവരുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇരുവരും, അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. 2023 ൽ പുറത്തിറങ്ങിയ, നെറ്റ്ഫ്ലിക്സിൻറെ ആന്തോളജി സിരീസ് ആയ ലസ്റ്റ് സ്റ്റോറീസ് 2 ൻറെ സമയത്താണ് ഇരുവർക്കും ഇടയിലുള്ള അടുപ്പം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. തമന്നയും വിജയ് വർമ്മയും ഒരുമിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു അത്.