കൊച്ചിയിലെ കുടുംബത്തിന്റെ മരണം: ഭർത്താവ് 7 മാസം മുൻപ് ജീവനൊടുക്കി, ഒപ്പം കുടുംബപ്രശ്നങ്ങളും

കൊച്ചി: വടുതല കർഷകറോഡ് ഗ്രീൻ ഗാർഡൻ അപ്പാർട്ട്‌മെന്റിലെ വാടകവീട്ടിൽ കുടുംബാംഗങ്ങളായ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ നടുക്കത്തിലാണ് നാട്. തിരുവനന്തപുരം വിളപ്പിൽശാല കാവുവിള കാരോട് കനകവിഹാറിൽ സുരേന്ദ്രൻനായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരാണ് മരിച്ചത്. സ്ത്രീകൾ തൂങ്ങിമരിച്ച നിലയിലും ഇളയകുട്ടികൾ കട്ടിലിലും മൂത്തമകൻ തറയിലും കിടക്കുന്ന നിലയിലായിരുന്നു. രണ്ടുമാസം മുൻപാണ് ഇവർ വടുതലയിൽ വീട് വാടകയ്ക്ക് എടുത്തത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മൂത്ത മകൻ കാർണിവന്റെ ചികിത്സാർഥമാണ് വീടെടുത്തത്. വീട്ടുടമ ദുബായിലാണ്. രണ്ടുദിവസമായി വീട്ടിൽ ആളനക്കം കാണാത്തതതിനേത്തുടർന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകൻ വന്നുനോക്കിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയതായും എയർകണ്ടീഷനർ പ്രവർത്തിക്കുന്നതായും കണ്ടു. കൈവശമുള്ള മറ്റൊരു താക്കോലെടുത്ത് തുറന്നുനോക്കിയപ്പോൾ മുറിയിൽ രണ്ട് സ്ത്രീകൾ തൂങ്ങിനിൽക്കുന്നത് കണ്ടു. ഉടൻ വാർഡ് കൗൺസിലറെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾ ഉൾപ്പെടെ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ പോലീസിൽ അറിയിച്ചു. കുട്ടികൾക്ക് വിഷം നൽകിയശേഷം അമ്മയും മകളും ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.