ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവർത്തകരെ ഇരുപതംഗ സംഘം ആക്രമിച്ചതായി പരാതി. സിനിമാ സെറ്റിൽ ആർട്ട് വർക്കിനെത്തിയ മൂന്ന് പേരെയാണ് സംഘം മർദിച്ചത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൊടുപുഴയിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ആർട്ട് വർക്കിനെത്തിയ കോഴിക്കോട് സ്വദേശി റെജിൽ, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ എന്നിവർക്കാണ് മർദനമേറ്റത്. ഇതിൽ ജയസേനന്റെ പരിക്ക് ഗുരുതരമാണ്. തൊടുപുഴയിൽ വെച്ച് പിക്കപ്പ് വാനിന്റെ ഡ്രൈവറുമായുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇവർ താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇരുപതംഗ സംഘം മർദിച്ചെന്നാണ് പരാതി. അക്രമത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

























