ഉദ്യോഗസ്ഥർ എത്തും മുൻപേ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി ജയസൂര്യ

തിരുവനന്തപുരം : ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ പോലീസ് സ്റ്റേഷനിൽ ഹാജരായി. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടപടി. 11 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിൽ ഹാജരാവാനായിരുന്നു പോലീസ് നിർദേശം. എന്നാൽ മാധ്യമ ശ്രദ്ധ ഒഴിവാക്കാനായി ജയസൂര്യ 8.15ന് തന്നെ ഹാജരാവുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എത്താത്തതിനാൽ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടില്ല.

രണ്ട് മാസം മുൻപാണ് ആലുവയിൽ താമസിക്കുന്ന നടി പോലീസിന് പരാതി നൽകിയത്. 2008ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. സെക്രട്ടേറിയേറ്റിൽ വെച്ചായിരുന്നു ഈ ഷൂട്ടിങ് നടന്നത്.

ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ നിന്ന് വരുമ്പോൾ തന്നെ പുറകിൽ നിന്ന് കടന്നു പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്. കൂടാതെ വൈകിട്ട് നടൻ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. ആരോപണങ്ങൾ നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

ഇന്ന് സ്റ്റേഷനിൽ ഹാജരാകുന്ന ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത.