തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്‌ലുവൻസറുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നാണ് ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

മുൻബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ യുവതി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തിൽ വിഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ ആണ് പരാതി നൽകിയത്. പരാതി ലഭിച്ചതായും കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകിയെന്നും കോടതി നിർദേശിച്ചാൽ കേസെടുക്കുമെന്നും ഗുരുവായൂർ ടെമ്പിൾ പൊലീസ് പറഞ്ഞു. അതേസമയം ജാസ്മിൻ പങ്കുവച്ച റീൽ ഇതിനരം 2.6 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ കണ്ടത്. കമന്റ് ചെയ്യാൻ സാധിക്കുന്ന ആളുകൾക്ക് പരിധിയേർപ്പെടുത്തിയാണ് ജാസ്മിൻ റീൽ പങ്കുവച്ചത്.

























