സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽനിന്ന് രാഹുലിനെ ഒഴിവാക്കി

തിരുവനന്തപുരം: കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണു നടപടി. നവംബർ 7 മുതൽ പാലക്കാട്ട് നടക്കുന്ന ശാസ്‌ത്രോൽസവത്തിന്റെ സംഘാടക സമിതി രൂപീകരിക്കാനായി തിങ്കളാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരാനിരിക്കുന്ന യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷൻ ആയിരുന്നു.

തദ്ദേശമന്ത്രി എം.ബി.രാജേഷാണ് ഉദ്ഘാടകൻ. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലിൽനിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ രാഹുലിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു.