കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: അന്തിമവാദം ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുക. നടൻ ദിലീപ് ഉൾപ്പെടെ 9 പേരാണ് കേസിൽ പ്രതികൾ. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടിയെ അതിക്രൂരമായി ആക്രമിച്ചത്. 2018 മാർച്ചിൽ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വർഷങ്ങൾക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. കേസിൽ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂർത്തിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാനാണ് സാധ്യത. ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിന്റെ വിധി പ്രസ്താവത്തിനായി രണ്ടര മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് ആരംഭിക്കുന്ന പ്രോസിക്യൂഷൻ വാദം തന്നെ രണ്ടാഴ്ച നീണ്ടുനിൽക്കാനാണ് സാധ്യത.