യുവതിയുടെ മരണം: താൻ തീയേറ്ററിനുള്ളിലിരുന്ന് സിനിമ കാണുമ്പോഴായിരുന്നു അപകടം, നേരിട്ട് ബന്ധമില്ലെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യപ്രതികരണവുമായി നടൻ അല്ലു അർജുൻ. യുവതിയുടെ മരണത്തിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് അല്ലു അർജുൻ പറഞ്ഞു. ജയിൽ മോചിതനായ ശേഷം ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു അല്ലു ഇക്കാര്യം വ്യക്തമാക്കിയത്.

മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും വ്യക്തിപരമായി അവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും അല്ലു അർജുൻ പറഞ്ഞു. കുടുംബത്തോടൊപ്പം തിയേറ്ററിൽ സിനിമ കാണുമ്പോഴാണ് പുറത്ത് അപകടം നടക്കുന്നതെന്നും നടൻ വ്യക്തമാക്കി.

അപകടം നടന്ന സന്ധ്യാ തിയേറ്റർ പല തവണ ഇതിന് മുമ്പ് സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ യാതൊരു തരത്തിലുളള അപകടങ്ങളും മുമ്പുണ്ടായിട്ടില്ലെന്നും അല്ലു അർജുൻ പ്രതികരിച്ചു. ‘കഴിഞ്ഞ 20 വർഷമായി സന്ധ്യാ തിയേറ്റർ സന്ദർശിക്കുന്നു. 30 ലേറെ തവണ അവിടെ പോയിട്ടുണ്ട്. യാതൊരു അപകടവും മുമ്പുണ്ടായിട്ടില്ല. ഇപ്പോൾ നടന്ന സംഭവം ദൗർഭാഗ്യകരമെന്നേ പറയാനുള്ളൂ’, അല്ലു അർജുൻ കൂട്ടിച്ചേർത്തു.

പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു