ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലും നിരാശ; ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

കർണാടക: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചിൽ സംഘത്തിലുള്ള വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ. കയ്യിലുണ്ടായിരുന്ന വസ്ത്രമോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. കിഴക്ക് ഭാ​ഗം കേരളമാണ്. ശരണ്യയുടെ മൊബൈൽ ഫോൺ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പൊലീസും ഫോറസ്റ്റും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

മൊബൈൽ ഫോൺ സ്വിച്ചോഫാണ്. ആദ്യമായാണ് ഇത്തരത്തിലുള്ളൊരു മിസ്സിം​ഗ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളയും കർണാടകയും പരിശോധന നടത്തുന്നുണ്ട്. ഡോ​ഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന സംഘത്തിലുണ്ട്. വ്യത്യസ്ഥ സംഘങ്ങളായാണ് പരിശോധന. എന്നാൽ സൂചനയൊന്നും ലഭിച്ചില്ലെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. മൂന്നരകിലോമീറ്റർ ദൂരത്തോളമാണ് ട്രക്കിങ്ങ്. അതിനപ്പുറത്തേക്ക് ആരും പോകാറില്ല. എന്നാൽ‌ ശരണ്യയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. നിലവിൽ ശരണ്യയ്ക്കായി തെരച്ചിൽ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതിനാലും വന്യജീവികൾ ഇറങ്ങുന്ന സ്ഥലമായതും തെരച്ചിലിന് വെല്ലുവിളിയാണ്.

ശരണ്യയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തെരച്ചിൽ തുടരുന്നത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ജി.എസ് (36) തനിച്ചാണ് കുടകിലെത്തിയത്. യുവതിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സിഗ്നൽ നഷ്ടപ്പെട്ടു. ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പൊലീസ് സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.